ABOUT US

വളര്‍ച്ചയുടെ പൊന്‍മുടി കയറുമ്പോഴും തളര്‍ച്ചയുടെ കുണ്ടനിടവഴികള്‍ താണ്ടുമ്പോഴും ചരിത്രത്തെ മറക്കാത്തവരാണ് ഞങ്ങള്‍....അനേകര്‍ക്ക് ജീവിതപാതയില്‍ കാവ്യഭാവയുടെ കരിമഷി പകര്‍ന്ന, ചിന്തകള്‍ക്ക് എഴുത്താണിയുടെ മൂര്‍ച്ച പകര്‍ന്ന, മനസ്സിന് നീരുറവയുടെ കുളിര്‍മ നല്‍കിയ വിദ്യാലയമാണ് പുത്തിഗെ എയ്ഡഡ് ജൂനിയര്‍ ബേസിക് സ്‌കൂള്‍. 
പുത്തിഗെ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ പുത്തിഗെ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്‌കൂള്‍ 1930ലാണ് സ്ഥാപിതമായത്. ദിവംഗതനായ ദൊഡ്ഡഗുത്തു സങ്കപ്പ റൈ അവര്‍കളാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകന്‍. ആദ്യകാലങ്ങളില്‍ ഓലമേഞ്ഞൊരു കെട്ടിടത്തിലാണ് വിദ്യലായം പ്രവര്‍ത്തിരുന്നത്. അക്കാലത്ത് ഒന്നുമുതല്‍ അഞ്ചുവരെ കന്നട മാധ്യമം മാത്രമേ ഉണ്ടായിരുന്നുള്ളൂ..
മദ്രാസ് സംസ്ഥാനത്തിന്റെ ദക്ഷിണ കന്നഡ ജില്ലയില്‍ ഉള്‍പ്പെട്ട ഈ വിദ്യാലയത്തിന് അന്നത്തെ മദ്രാസ് സംസ്ഥാനം 17.11.1938 ല്‍ അംഗീകാരം നല്‍കി. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിലെ നിരക്ഷരരായ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി 1953 മുതല്‍ 1960 വരെയുള്ള കാലഘട്ടത്തില്‍ നിശാപാഠശാലയായും ഈ വിദ്യാലയം പ്രവര്‍ത്തിരുന്നു. അതുപോലെ തന്നെ ശ്രീകുമാര സ്വാമി യക്ഷഗാന സംഘത്തിന്റെ നേതൃത്വത്തില്‍ യക്ഷഗാന പരിശീലനവും നടന്നിരുന്നു. വിദ്യാലയത്തില്‍ ദിവംഗതനായ ശ്രീ ദാസപ്പാചാരിയുടെ നേതൃത്വത്തില്‍ ചര്‍ക്ക ഉപയോഗിച്ച് നെയ്ത്തുപരിശീലനവും നടത്തിയിരുന്നു. 1968ല്‍ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നിരന്തരമായ ആവശ്യപ്രകാരം ഒന്നുമുതല്‍ നാലുവരെ മലയാളത്തിലും അറബിയിലുമുള്ള അധ്യയനം ഇവിടെ ആരംഭിച്ചു. 
കാലത്തോടൊപ്പം മാനേജ്‌മെന്റുകളും മാറിമാറിവന്ന ഈ സ്‌കൂള്‍ ഇപ്പോള്‍ ഉയര്‍ച്ചയുടെ പാതയിലാണ്. ഇപ്പോഴത്തെ മാനേജറും മുന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുമായിരുന്ന ശ്രീ എം.ശങ്കരന്‍ നമ്പ്യാരുടെ മേല്‍നോട്ടത്തില്‍ ഇപ്പോള്‍ ത്രിഭാഷ മാധ്യമത്തില്‍ കുട്ടികള്‍ക്ക് പഠനാന്തരീക്ഷം ഒരുക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിര്‍മിക്കുകയും കുട്ടികളുടെ യാത്രാസൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തതോടെ കുട്ടികളുടെ എണ്ണത്തില്‍ അതിശയകരമായ പുരോഗതിയുണ്ടായി. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മികവുറ്റ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്ന നമ്മുടെ വിദ്യാലയം കുമ്പള ഉപജില്ലയിലെയും കാസര്‍ഗോഡ് ജില്ലയിലെയും മികച്ച വിദ്യാലയങ്ങളുടെ പട്ടികയില്‍ ഇടംനേടിക്കഴിഞ്ഞു...

                                              














No comments:

Post a Comment

thankful to your feedback.....